യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് തൂങ്ങി മരിച്ചു
കാട്ടാക്കട : കൂടെ താമസിച്ചിരുന്ന യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് തൂങ്ങി മരിച്ചു.കാട്ടാക്കട കുരുതംകോട് പാലയ്ക്കലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ്(35), ഒപ്പം താമസിച്ചിരുന്ന കുരുതംകോട് പാലയ്ക്കൽ അയണിവിള വീട്ടിൽ റീജയെയാണ് (38) കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.വർഷങ്ങൾക്ക് മുൻപ് റീജയുടെ ഭർത്താവ് തമിഴ്നാട് സ്വദേശി വാസു ഇവരെ ഉപേക്ഷിച്ച് പോയിരുന്നു.ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്.തുടർന്ന് അയൽവാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു ഇവരുടെ താമസം. രണ്ട് മാസം മുൻപ് പ്രമോദ് മകളെ പീഡിപ്പിച്ചതായി കാണിച്ച് റീജ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ജയിലിൽ നിന്നിറങ്ങിയ ശേഷവും ഇവർ ഒരുമിച്ചായിരുന്നു. മക്കളോടൊപ്പം റീജ സ്വന്തം വീട്ടിലും കൂലിപ്പണിക്കാരനായ പ്രമോദ് വേറെ വീട്ടിലുമായിരുന്നു താമസം.ദിവസവും രാത്രി പ്രമോദിന് ഭക്ഷണവുമായി റീജ എത്തുമായിരുന്നു.വ്യാഴാഴ്ച ഭക്ഷണവുമായി പോയ യുവതി മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.തുടർന്ന് പൊലീസ് ടവർ ലൊക്കേഷൻ നോക്കി നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രിയോടെ പ്രമോദിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ കഴുത്തറുത്ത് കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്നു റീജ.