അടിയന്തരാവസ്ഥ വിഷയത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
ദില്ലി: അടിയന്തരാവസ്ഥ വിഷയത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്പീക്കര്‍ ഓം ബിര്‍ളയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ രാഹുല്‍ കടുത്ത പ്രതിഷേധമാണ് വ്യക്തമാക്കിയത്. കീഴ്വഴക്കം അനുസരിച്ചുള്ള കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്ന നിലയില്‍ രാഹുല്‍ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമാണ് സ്പീക്കറെ കണ്ടത്.സ്പീക്കറായി തെരഞ്ഞെടുത്ത ശേഷം ഓം ബിര്‍ള ആദ്യം വായിച്ചത് അടിയന്തരാവസ്ഥയ്ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന പ്രമേയമായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രമേയം സഭ പാസാക്കുകയും ചെയ്തു. അടിയന്തരാവസ്ഥയുടെ ഇരകളെ ഓര്‍ത്ത് രണ്ടു മിനിറ്റ് ലോക്‌സഭ മൗനം ആചരിക്കുന്ന അസാധാരണ കാഴ്ചയാണ് ഇന്നലെ കണ്ടത്. ആദ്യ ദിനം തന്നെ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനും വിട്ടുവീഴ്ടയ്ക്കില്ലെന്ന സന്ദേശം നല്കാനും സ്പീക്കറിലൂടെ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു. ഇന്ദിരഗാന്ധിയേയും കോണ്‍ഗ്രസിനെയും പരാമര്‍ശിക്കുന്ന പ്രമേയമാണ് സ്പീക്കര്‍ വായിച്ചത്.ഭരണപക്ഷം പിന്നീട് പ്ലക്കാര്‍ഡുമായി സഭയില്‍ നിന്ന് മുദ്രാവാക്യം മുഴക്കി ഇറങ്ങി പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി പ്രതിഷേധിച്ചിരുന്നു. അപ്രഖ്യാപിത അടയിന്തരാവസ്ഥ എന്ന് വിളിച്ചു പറഞ്ഞാണ് കോണ്‍ഗ്രസ് ഇതിനെ നേരിട്ടത്. കോണ്‍ഗ്രസ് ഭരണഘടന ഉയര്‍ത്തി നടത്തുന്ന നീക്കം ചെറുക്കാനായിരുന്നു ബി ജെ പിയുടെ ശ്രമമെന്നാണ് വിലയിരുത്തലുകള്‍.