നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങള്‍ക്കിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നത് സംബന്ധിച്ച പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങള്‍ക്കിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നത് സംബന്ധിച്ച പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ പാസാക്കിയ പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്.പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംഘടിത കുറ്റങ്ങള്‍ക്ക് പത്തു വര്‍ഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികള്‍ക്ക് ലഭിക്കും. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുറഞ്ഞ ശിക്ഷ അഞ്ച് വര്‍ഷം തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തില്‍ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് ഇപ്പോള്‍. ഉത്തരക്കടലാസുകള്‍ വികൃതമാക്കുകയോ അവയില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷം തടവ് ലഭിക്കും. ഇത് അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും.ഫെബ്രുവരി അഞ്ചിനാണ് ഈ ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി ഒന്‍പതിന് രാജ്യസഭയില്‍ അവതരിപ്പിച്ചു. രണ്ട് സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയില്‍ തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പ് വെയ്ക്കുകയും ചെയ്തു.