തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുളള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം

Spread the love

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുളള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചര്‍ച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം. ജനസംഖ്യാടിസ്ഥാനത്തിലെ വാര്‍ഡ് വിഭജനം അനിവാര്യമെങ്കിലും സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആക്ഷേപം. പുതിയ വാര്‍ഡുകള്‍ക്ക് അപ്പുറം പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാറിന് ആലോചനയില്ല.2011 ലെ സെന്‍സസ് പ്രകാരമുള്ള വാര്‍ഡ് വിഭജനത്തിനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂട്ടാനാണ് ധാരണ. വാര്‍ഡ് വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.. കരട് തയ്യാറായി നിയമനിര്‍മ്മാണത്തിലേക്ക് പോകുമ്പോഴും ചര്‍ച്ചയുണ്ടായില്ലെന്ന പരാതിയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. നിര്‍ണ്ണായക തീരുമാനത്തിന് മുമ്പ് പ്രതിപക്ഷവുമായി എന്ത് കൊണ്ട് ആലോചിച്ചില്ലെന്നാണ് യുഡിഎഫിന്റെ കുറ്റപ്പെടുത്തല്‍. സമീപകാലത്തെ വാര്‍ഡ് വിഭജനനടപടികള്‍ പലതും രാഷ്ട്രീയവിവാദമായിരുന്നു.2011ലായിരുന്നു അവസാനമായി വിഭജനം ഉണ്ടായത്. 2015ല്‍ ഭാഗികമായും പുനര്‍നിര്‍ണ്ണയം നടന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ ഡിലിമിറ്റേഷന്‍ കമ്മീഷനാണ് ചുമതല. പ്രതിപക്ഷം പരാതി ഉന്നയിക്കുമ്പോഴും ഭരണപരമായ നടപടിക്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാര്‍ഡ് വിഭജനനടപടികളിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുമായും ചര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. ആകെ 1200 വാര്‍ഡുകളാണ് പുതുതായി വരുന്നത്. പക്ഷെ പുതിയ പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ രൂപീകരിക്കാന്‍ ഉദ്ദേശമില്ല. ഭാരിച്ച ചെലവ് കൂടിയാണന്‍് സര്‍ക്കാറിന്. അംഗങ്ങളുടെ ഓണറേറിയം ഇനത്തില്‍ പഞ്ചായത്ത് തലത്തില്‍ മാത്രം പ്രതിമാസം 75 ലക്ഷത്തോളം രൂപ അധികം വേണ്ടിവരും. അടുത്ത വര്‍ഷം ഡിസംബറിലാണ് തദ്ദേശതെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *