പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയുള്ള കാലത്ത് 32 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 29, 30, 31 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചർച്ചക്കായി മാറ്റിവെച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. ഫെബ്രുവരി 6 മുതൽ 11 വരെ സഭ സമ്മേളിക്കില്ല. ഫെബ്രുവരി 12 മുതൽ 14 വരെ ബജറ്റിൻമേലുള്ള പൊതുചർച്ച നടക്കും. ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധനക്കായി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. 26 മുതൽ മാർച്ച് 20 വരെയുള്ള കാലയളവിൽ 13 ദിവസം അടുത്ത സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കും.