അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് : ജനുവരി 22 ന് 11 സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചു
മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്ര സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. മഹാരാഷ്ട്രയ്ക്ക് പുറമേ, ഹരിയാന, ഛത്തീസ്ഗഢ് അടക്കം 11 രാജ്യങ്ങളാണ് അന്നേദിവസം സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്.ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തർപ്രദേശ്, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.22-ന് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുമെന്നും യു.പി. സര്‍ക്കാര്‍ അറിയിച്ചു. സമാനമായി ഹരിയാനയിലും മധ്യപ്രദേശിലും സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഗുജറാത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ടര വരെ അടഞ്ഞുകിടക്കും. രാജസ്ഥാന്, ത്രിപുര, ഛത്തീസ്ഗഢ്, അസം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഉച്ചവരെ അവധിയാണ്. കൂടാതെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ച വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇതിനോടൊപ്പം മറ്റ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബി.ജെ.പി. അധ്യക്ഷന്മാര് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അത് പരിഗണിച്ചിട്ടില്ല.അതേസമയം, ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. അന്നേദിവസം 7000-ത്തോളം വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ, കല, സാംസ്കാരിക, സാമൂഹ്യ, കായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നിരവധി പേർക്ക് പ്രാണപ്രതിഷ്ഠ ചടങ്ങിനായുള്ള ക്ഷണപത്രിക നൽകിയിട്ടുണ്ട്.