രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു. നിലവിൽ, 5 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. കാലാവസ്ഥ പ്രതികൂലമായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 30 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. കൂടാതെ, 17 വിമാനങ്ങൾ പൂർണമായും റദ്ദ് ചെയ്തിട്ടുണ്ട്. വിമാനങ്ങൾ സർവീസ് നടത്താൻ കഴിയാതെ വന്നതോടെ എയർപോർട്ടിനകത്ത് യാത്രക്കാർ തടിച്ചുകൂടിയിരിക്കുകയാണ്.മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയുന്നതിനാലാണ് വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കാത്തത്. 13 മണിക്കൂർ മുതൽ 20 മണിക്കൂർ വരെയാണ് വിമാന സർവീസുകൾ വൈകുന്നത്. ഇതിനെ തുടർന്ന് യാത്രക്കാർ പ്രകോപിതരാകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്നലെ വിമാനം വൈകുമെന്ന് അറിയിപ്പ് നടത്തിയ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചിരുന്നു. ഡൽഹിയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പുറപ്പെടേണ്ട വിമാന സർവീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ ഡൽഹിയിൽ നിന്നുള്ള 30 ഓളം ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.