പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് മറിയക്കുട്ടി
തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും മറിയക്കുട്ടി ഉയർത്തിക്കാട്ടി. സെക്രട്ടറിയേറ്റിന് മുന്നിൽ സേവ് കേരള ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയ്ക്ക് മുന്നിൽ കൈക്കൂപ്പി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം മറിയക്കുട്ടി ഉയർത്തിക്കാട്ടിയത്.ബിജെപി പരിപാടികളിൽ പങ്കെടുത്തതിനേക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും മറിയക്കുട്ടി മറുപടി നൽകി. പിണറായിയെ പോലെ മോദിയെ താൻ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തില്ലെന്നായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിക്ക് മുന്നിൽ മുഖ്യമന്ത്രി കൈകൂപ്പി നിൽക്കുന്ന ചിത്രമുയർത്തിക്കാട്ടിയത്. രാവിലെ കോൺഗ്രസ്, രാത്രി ബിജെപി എന്നാണ് തന്നെക്കുറിച്ച് സിപിഎം പറയുന്നത്. അത് തന്റെ പണിയല്ലെന്നും തനിക്ക് ആരെയും കെട്ടിപ്പിടിക്കേണ്ട കാര്യമില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി.മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്. പാവപ്പെട്ടവർക്ക് പെൻഷൻ വേണം. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. പിണറായിയുടേത് അല്ലാതെ ഏത് പാർട്ടി വിളിച്ചാലും താൻ പോകും. ഒരുപാട് ആളുകൾ കേരളം ഭരിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല. എത്ര പെൺകുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പോലീസ് വലിച്ചുകീറിയത്. സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ പുരുഷ പോലീസിന് അനുവാദമില്ല. ഇതൊക്കെയാണ് താൻ വിളിച്ചുപറയുന്നതെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.തൃശൂർ തേക്കിൻക്കാട് മൈതാനത്ത് ബിജെപി സംഘടിപ്പിച്ച സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയിൽ മറിയക്കുട്ടി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മറിയക്കുട്ടിക്കെതിരെ സൈബറിടങ്ങളിൽ വിമർശനം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് മറിയക്കുട്ടിയുടെ പ്രതികരണം. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷ്മി, ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ, പി ടി ഉഷ തുടങ്ങിയവർ ഉൾപ്പടെയുള്ള പ്രമുഖ വനിതകൾ തൃശൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.