കേരളീയം: പ്രാദേശികസര്‍ക്കാരുകളുടെ മുന്നേറ്റത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് സെമിനാര്‍

Spread the love

അതിവേഗ നഗരവത്കരണത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ സമഗ്രനയം രൂപീകരിക്കും: മന്ത്രി എം.ബി. രാജേഷ്പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കിയും നവീനമായ രീതിയില്‍ ജനങ്ങളെ അണിനിരത്തിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ആശയങ്ങള്‍ക്കു രൂപം നല്‍കി കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍. അധികാര വികേന്ദ്രീകരണത്തിലും ജനകീയ ആസൂത്രണത്തിലും കേരളം വലിയ പുരോഗതി കൈവരിച്ചതായി സെമിനാര്‍ വിലയിരുത്തി. പുതിയ കാലത്തിന് അനുസൃതമായി ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് ആരംഭിക്കണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി സംഘടിപ്പിച്ച സെമിനാര്‍ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജനകീയാസൂത്രണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും കേരളം കൈവരിച്ച നേട്ടങ്ങള്‍ വിവിധ പാനലിസ്റ്റുകള്‍ അവതരിപ്പിച്ചു. വിദേശരാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ മുന്നൂറിലധികം പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തിഅഞ്ഞൂറോളം പേര്‍ സെമിനാറിന്റെ ഭാഗമായി. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ അതിവേഗ നഗരവത്കരണത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സമഗ്രനയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമസഭകളില്‍ ജനങ്ങളെ അണിനിരത്തുന്നതിനായി പ്രാദേശിക സര്‍ക്കാരുകള്‍ നവീനരീതികള്‍ അവലംബിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശിക തലത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. നൂതനാശയങ്ങള്‍, സംരംഭകത്വം എന്നിവ വളര്‍ത്തുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. സംരംഭക വര്‍ഷത്തിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. മാലിന്യ സംസ്‌കരണ മേഖലയെ ബിസിനസ് അവസരമാക്കി വികസിപ്പിക്കുകയെന്നതാണ് നിലപാട്. സംസ്ഥാന സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ നികുതിവരുമാനം പിരിക്കാനുള്ള സ്രോതസുകള്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകളുടെ സുശക്തമായ അടിത്തറയിലാണ് പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ കേരളം നേരിട്ടത്. സര്‍ക്കാരിന്റെ നാലു മിഷനുകള്‍ നടപ്പാക്കുന്നതിലും പ്രാദേശിക സര്‍ക്കാരുകള്‍ നിര്‍ണായക പങ്കു വഹിച്ചു. സമ്പത്തിന്റെ ഉത്പാദനത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ നേരിട്ട് ഭാഗമാകുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ഡിജിറ്റല്‍ ലിറ്ററസി ക്യാംപെയ്ന്‍ സജീവമാക്കി പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വിഷയാവതരണം നടത്തി. മുന്‍ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി മണി ശങ്കര്‍ അയ്യര്‍, മുന്‍ സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി ഡോ. എസ്.എം.വിജയാനന്ദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തിരാജ് മുന്‍ മേധാവി ഡബ്ല്യു. ആര്‍. റെഡ്ഡി , പഞ്ചായത്തി രാജ് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ജിജു.പി.അലക്സ്, കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി.ജോര്‍ജ് തോമസ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സജിത്ത് സുകുമാരന്‍, 2022 ലെ കര്‍ഷകോത്തമ പുരസ്‌കാര ജേതാവ് റോയ്‌മോന്‍ കെ. എ. എന്നിവര്‍ പാനലിസ്റ്റുകളായി. 1960 കളില്‍ ബിഹാറിനൊപ്പമായിരുന്ന കേരളത്തിന്റെ ദാരിദ്ര നിരക്ക് ഇപ്പോള്‍ 0.4 % ആയി കുറഞ്ഞെന്ന് മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ഗ്രാമസ്വരാജ് പ്രവര്‍ത്തനങ്ങള്‍, നിയമനിര്‍മ്മാണത്തിനായുള്ള രമേഷ് കുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളാകുന്ന കേരളത്തില്‍ നഗരവത്കരണം, പരിസ്ഥിതി സംരക്ഷണം, വയോജന സംരക്ഷണം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണത്തെ തുടര്‍ന്ന് കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ഡോ. തോമസ് ഐസക് വിശദീകരിച്ചു. കാരുണ്യവും കരുതലും കൈമുതലാക്കിയുള്ള പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത കാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ചും എസ്. എം. വിജയാനന്ദ് സൂചിപ്പിച്ചു. കേരളത്തിലെ ചെലവു കുറഞ്ഞ നിര്‍മ്മാണ രീതി എന്‍.ഐ.ആര്‍.ഡി.യില്‍ നടപ്പാക്കിയതായി ഡബ്ല്യു. ആര്‍. റെഡ്ഢി പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ എത്തണമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. സേവന പ്രദാന കേന്ദ്രങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള പ്രതിബദ്ധതയെക്കുറിച്ചും ഡോ. ജിജു പി. അലക്സ് സംസാരിച്ചു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തിയായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാറണം. ജൈവവൈവിധ്യ സംരക്ഷണ നിയമം അടിസ്ഥാനതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് തദ്ദേശ ഭരണം സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഡോ. സി. ജോര്‍ജ് തോമസ് പറഞ്ഞു. ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാണ്. കാര്യശേഷി വികസനത്തിനുള്ള സംവിധാനങ്ങളെ ജോയ് ഇളമണ്‍ പരിചയപ്പെടുത്തി. ഭാവിയില്‍ കാര്യശേഷി വികസനം നവീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. വരുമാന വര്‍ദ്ധനവിനായുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നതെന്ന് സജിത് സുകുമാരന്‍ പറഞ്ഞു. സ്വന്തം അനുഭവങ്ങളിലൂടെ ഇടവിള കൃഷിയുടെ പ്രാധാന്യവും വിജയകരമായ മാതൃകയും കാര്‍ഷികോത്തമ പുരസ്‌കാര ജേതാവ് കാര്‍ഷിക റോയ് ആന്റണി അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട തീം സോങ് വീഡിയോയുടെ പ്രകാശനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകങ്ങളുടെയും വീഡിയോയുടെയും പ്രകാശനവും സെമിനാര്‍ വേദിയില്‍ നടന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരും സെമിനാറില്‍ സാന്നിദ്ധ്യമായി. ഗവണ്മെന്റ് ഓഫ് ഇന്ത്യ മുന്‍ സെക്രട്ടറി ഡോ. മീനാക്ഷി സുന്ദരം, അഡീഷണല്‍ സെക്രട്ടറി ഡോ. ചന്ദ്രശേഖര്‍ കുമാര്‍, കര്‍ണാടക സ്റ്റേറ്റ് ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍, എം.പി ഡോ. സി. നാരായണ സ്വാമി,മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ ചെയര്‍മാന്‍ എം. കൃഷ്ണ ദാസ്, കില മുന്‍ ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ഉഷ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഡല്‍ഹി ചെയര്‍മാന്‍ ഡോ. ജോര്‍ജ് മാത്യു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പ്രൊഫസര്‍ ഡോ. വി.എന്‍. അലോക്, രാജസ്ഥാനില്‍ നിന്നുള്ള പ്രൊഫസര്‍ ഡോ.അനിതാ ബ്രാണ്ടന്‍, എന്‍.ഐ.ആര്‍.ഡി. പ്രൊഫസര്‍ ഡോ. ജ്യോതിസ് സത്യപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് വി.പി. മുരളി എന്നിവര്‍സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *