കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Spread the love

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ളത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉള്‍പ്പെടുത്തുന്നത്.

കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താന്‍ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍ വിലക്കിഴിവിലാണ് വമ്പന്‍ ബ്രാന്‍ഡുകളുടെ സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ അടക്കം ലഭിക്കുക. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍റ്റണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

വൈകിട്ട് നാലുമുതല്‍ 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കേരളീയം ഫുഡ്കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹിം എംപി, കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *