സഗാസയിലേക്കുള്ള മാനുഷിക സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നുപോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു
സഗാസയിലേക്കുള്ള മാനുഷിക സഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നുപോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ മറ്റുള്ള ട്രക്കുകളും അതിർത്തി പിന്നിടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നൽകിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലെ യുഎസ് എംബസി അറിയിച്ചു. എന്നാൽ 23 ലക്ഷത്തോളം പേർ താമസിക്കുന്ന ഗാസയിൽ 20 ട്രക്ക് സഹായം ഒന്നുമാകില്ലെന്ന് റെഡ് ക്രസന്റ് അറിയിച്ചു. യുദ്ധം തുടരുന്നതിനിടെ ഗാസയിൽ മനുഷ്യജീവിതം ദുസഹമായിക്കൊണ്ടിരിക്കുകയാണ്. മലിന ജലം മാത്രമാണ് ആളുകൾക്ക് കുടിക്കാൻ കിട്ടുന്നത്. മിക്ക പലചരക്ക് കടകളിലും ബേക്കറികളിലും ഭക്ഷണ സാമഗ്രികളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ആക്രമണത്തിൽ തകർന്നിരിക്കുകയാണ്. വൈദ്യുതി വിതരണം പൂർണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. എന്നാൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനവും തീർന്ന നിലയിലാണ്.