ഫലസ്തീന് നേരെ 12 ാംദിവസവും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു
ഗസ്സ: ഫലസ്തീന് നേരെ 12 ാംദിവസവും ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. ഇന്നലെ രാത്രി ഇടയ്ക്കിടെ ഗസ്സയെ ലക്ഷ്യംവച്ച് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ന്നലെ മാത്രം അമ്പതിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഗസ്സയിലെ മാത്രം മരണ സംഖ്യ 3,600 കവിഞ്ഞു.പരിക്കേറ്റവരുടെ എണ്ണം 12,065. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ചുരുങ്ങിയത് 1200ല്‍ ഏറെയാണ്. അവരില്‍ 600ല്‍ അധികവും കുട്ടികള്‍. എന്നിട്ടും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ബോംബര്‍ വിമാനങ്ങള്‍ തീതുപ്പുന്നത് തുടരുകയാണ്. വൈദ്യമേഖല ഏറെക്കുറെ സമ്പൂര്‍ണ തകര്‍ന്നുകഴിഞ്ഞു. പല ആശുപത്രികളുടെയും പ്രവര്‍ത്തനം പരുങ്ങലിലാണ്.ആക്രമണം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗസ്സയില്‍ മാനുഷിക പ്രതിസന്ധി അതീവ സങ്കീര്‍ണമാണ്. നിരന്തരമായ വ്യോമാക്രമണവും കുരുതിയും തുടരുന്നതിനിടെ റഫ അതിര്‍ത്തി എപ്പോള്‍ തുറക്കും എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ ഉത്തരമില്ല.റഫ അതിര്‍ത്തി മുഖേന വരുന്ന ട്രക്കുകളിലെ മരുന്നും ഭക്ഷണവും വെള്ളവും കാത്തിരിക്കുകയാണ് ജനലക്ഷങ്ങള്‍. സഹായ ഉത്പന്നങ്ങള്‍ റഫ വഴി എത്തിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചതായി ബൈഡന്‍ ഇന്നലെ അറിയിച്ചു. എന്നാല്‍ ബന്ദികളുടെ മോചനം ഇതിനുള്ള ഉപാധിയായി ഇസ്രായേല്‍ ഇനിയും ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ഇസ്രായേല്‍ ക്രൂരതക്കെതിരെ അറബ്, മുസ്ലിം ലോകത്ത് രോഷം അണപൊട്ടുന്നു. ആക്രമണത്തിനു പിന്നാലെ ചൊവ്വാഴ്ച രാത്രി ജോര്‍ഡന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രായേല്‍ എംബസിയിലേക്ക് ജനം കയറാന്‍ ശ്രമംനടത്തിയെങ്കിലും പൊലീസ് തടഞ്ഞു. കൈറോയിലെ യു.എസ്, യു.കെ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നു. ബൈറൂതില്‍ യു.എസ് എംബസിക്കു മുന്നില്‍ പ്രതിഷേധിച്ചവര്‍ കവാടത്തിനു മുകളില്‍ ഫലസ്തീന്‍ പതാക നാട്ടി. ലബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനക്കെതിരെ ഹിസ്ബുല്ല വെടിവെപ്പ് നടത്തി. തെഹ്‌റാനില്‍ ഫ്രഞ്ച്, ബ്രിട്ടീഷ് എംബസികള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. തുര്‍ക്കിയ നഗരമായ ഇസ്തംബൂളില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറിയവര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ലബനാന്‍, ഇറാഖ്, കുവൈത്ത്, മൊറോക്കോ, തുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. സൗദി, ജോര്‍ഡന്‍, ഈജിപ്ത്, യു.എ.ഇ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു.ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കിരാത ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ് ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ആവശ്യപ്പെട്ടു. നിരപരാധികളെയും നിരായുധരെയും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യംവയ്ക്കുന്ന ഇസ്‌റാഈലിന്റെ നയങ്ങള്‍ക്കെതിരേ ലോകരാജ്യങ്ങള്‍ രംഗത്തുവരണമെന്ന് ആഹ്വാനംചെയ്ത ഒ.ഐ.സി യോഗം, ഗസ്സയ്ക്ക് നേരെയുള്ള ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ സഹാചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി അറേബ്യയാണ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്. ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന യോഗത്തില്‍ ഇസ്‌റാഈലിനെതിരേയ കനത്ത വികാരമാണ് രാജ്യങ്ങള്‍ പങ്കുവച്ചത്. ജോര്‍ദാന്‍, പാകിസ്താന്‍, ഇറാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത നടപടിയാവശ്യപ്പെട്ടു.