വേർപാടിലും നാലുപേർക്ക് പുതുജീവനായി ചാക്കോ മൈക്കിൾ
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവാവ് മരണത്തിലും നാലുപേർക്ക് പുതുജീവനായി.ഇടുക്കി ചേലച്ചുവട് ചുരുളി പൊരിമറ്റത്തിൽ വീട്ടിൽ ചാക്കോ മൈക്കിൾ (41) ആണ് നാല് അവയവങ്ങൾ ദാനം ചെയ്തത്. ചാക്കോയുടെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. ദാനം ചെയ്ത ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും രണ്ടാമത്തെ വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രോഗിക്കുമാണ് നൽകിയത്. രണ്ട് നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും നൽകി.തീരാ വേദനയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബാംഗങ്ങളോട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. ചാക്കോയുടെ വേർപാടിൽ മന്ത്രി അനുശോചനവും രേഖപ്പെടുത്തി. മൂവാറ്റുപുഴ മണ്ണൂരിൽ ബാർ ജീവനക്കാരനായിരുന്നു ചാക്കോ മൈക്കിൾ.ഓഗസ്റ്റ് 29-ന് രാവിലെ 10:48-ഓടെയാണ് ചാക്കോ മൈക്കിൾ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 31-ന് പുലർച്ചെ 12:18-ഓടെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ചാക്കോയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിൽ അവയവ വിന്യാസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ഷെറിൻ ചാക്കോയാണ് ഭാര്യ. മകൻ: റിച്ചാർഡ് ചാക്കോ മൈക്കിൾ. പിതാവ്: മൈക്കിൾ (ലേറ്റ്), മാതാവ്: റോസ്ലി മൈക്കിൾ, സഹോദരൻ: അജോ മൈക്കിൾ.


