എംസി റോഡിൽ പെട്രോൾ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 20-ഓളം പേർക്ക് പരിക്ക്
തിരുവനന്തപുരം: എംസി റോഡിൽ വട്ടപ്പാറയ്ക്ക് സമീപം പെട്രോൾ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.സംഭവസ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.


