ടോക്കിയോയിൽ നടക്കുന്ന എട്ടാമത് ഇന്ത്യ-ജപ്പാൻ പ്രതിരോധ നയ സംഭാഷണത്തിൽ പ്രതിരോധ സെക്രട്ടറിയും ജാപ്പനീസ് പ്രതിരോധ ഉപമന്ത്രിയും അധ്യക്ഷത വഹിച്ചു

Spread the love

സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് ഇന്ത്യയും ജപ്പാനും

ഇന്ത്യയും ജപ്പാനും തമ്മിൽ എട്ടാമത് പ്രതിരോധ നയ സംഭാഷണം ഇന്ന് (ജൂലൈ 13) ജപ്പാനിലെ ടോക്കിയോയിൽ നടന്നു. ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങും ജാപ്പനീസ് സംഘത്തെ അന്താരാഷ്ട്രകാര്യ പ്രതിരോധ ഉപമന്ത്രി ശ്രീ കാനോ കോജിയും നയിച്ചു. മുൻ പ്രതിരോധ നയ സംഭാഷണത്തിനു ശേഷം ഉഭയകക്ഷി പ്രതിരോധ സഹകര ണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്തു. ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപര, ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവുംഉറപ്പിക്കുകയും ചെയ്തു.

നിലവിലുള്ള പ്രാദേശിക, ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ച് ഇരു രാജ്യങ്ങളും സമഗ്രമായ ചർച്ചകൾ നടത്തുകയും ഉഭയകക്ഷി താൽപ്പര്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുകയും ചെയ്തു. സൈനിക കൈമാറ്റങ്ങൾ, സംയുക്ത ആസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം, സമുദ്ര സഹകരണം, പ്രതിരോധ അഭ്യാസ പ്രകടനങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ, സമുദ്ര സാങ്കേതികവിദ്യ ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതിക സഹകരണത്തിന്റെയും മുഴുവൻ സ്പെക്ട്രവും അവലോകനം ചെയ്തു.

പ്രതിരോധ സഹകരണത്തിന്റെ സ്ഥിരമായ വികാസത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. പതിവായി ഉയർന്ന തലത്തിലുള്ള കൈമാറ്റങ്ങളും സംഭാഷണ സംവിധാനങ്ങളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. ഈ വർഷം അവസാനം വരാനിരിക്കുന്ന മന്ത്രിതല സന്ദർശനങ്ങളുടെ സാധ്യതകളും ചർച്ചയായി.

പ്രതിരോധ വ്യാവസായിക സഹകരണം, സാങ്കേതിക നവീകരണം, സൈബർ സുരക്ഷ, ബഹിരാകാശം, തന്ത്രപര താൽപ്പര്യമുള്ള മറ്റ് മേഖലകൾ എന്നിവയുൾപ്പെടെ പുതിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ഇരു പ്രതിനിധികളും ചർച്ച ചെയ്തു. പ്രാദേശിക, ആഗോള സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഒത്തുചേരലിൽ സംതൃപ്തി പ്രകടിപ്പിച്ച ഇരുപക്ഷവും ഇന്തോ-പസഫി ക്ക് വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരാനും തീരുമാനിച്ചു. അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രവും സുതാര്യവും, നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖല പ്രോത്സാഹിപ്പി ക്കുന്നതിനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു.

പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള ജപ്പാന്റെ തുടർച്ചയായ ഇടപെടലിനെ പ്രതിരോധ സെക്രട്ടറി അഭിനന്ദിച്ചു, ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിന് കീഴിൽ പ്രായോഗിക സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. മുൻഗണനാ മേഖലകളിലെല്ലാം ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ജപ്പാന്റെ പ്രതിബദ്ധത ശ്രീ കാനോ കോജി ആവർത്തിച്ച് വ്യക്തമാക്കി.

നേരത്തെ, പ്രതിരോധ സെക്രട്ടറി ജാപ്പനീസ് പ്രതിരോധ മന്ത്രി ശ്രീ ഷിൻജിറോ കൊയിസുമിയെ സന്ദർശിക്കുകയും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപര ആഗോള പങ്കാളിത്ത ത്തിന്റെ വളർന്നു വരുന്ന ശക്തി ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യ സന്ദർശിക്കാൻ ജപ്പാൻ പ്രതിരോധ മന്ത്രിക്ക് രക്ഷാ മന്ത്രിയുടെ ക്ഷണം അദ്ദേഹം കൈമാറി.

ടോക്കിയോയിലെ സ്വയം പ്രതിരോധ സേനാ സ്മാരകശിലയിൽ പുഷ്പചക്രം അർപ്പിച്ച് തങ്ങളുടെ രാഷ്ട്രത്തി നുവേണ്ടി പരമമായ ത്യാഗം ചെയ്ത ജപ്പാൻ പ്രതിരോധ സേനയി ലെ അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പ്രതിരോധ സെക്രട്ടറി തന്റെ സന്ദർശനം ആരംഭിച്ചത്..

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയോടുള്ള ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധ ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രതിബദ്ധത എന്നിവ ഈ സന്ദർശനം അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *