യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി

Spread the love

തിരുവനന്തപുരം : വെള്ളയമ്പലംനഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയില്‍ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച കേസിലെ പ്രതികളെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം സ്വദേശികളായ കാശിനാഥൻ (22), ഉണ്ണിക്കൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനില്‍ക്കുകയായിരുന്ന മലയിൻകീഴ് സ്വദേശിയായ യുവാവിനെ പ്രതികള്‍ അസഭ്യം പറയുകയും, ഇത് ചോദ്യം ചെയ്തതോടെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിക്കുകയുമായിരുന്നു.അക്രമത്തില്‍ യുവാവിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും പ്രതികള്‍ മർദ്ദിച്ചു. പരിക്കേറ്റ യുവാവ് നിലവില്‍ ചികിത്സയിലാണ്. അറസ്റ്റിലായ കാശിനാഥനെതിരെ ബാലരാമപുരം സ്റ്റേഷനില്‍ മൂന്നോളം വധശ്രമക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മാനവീയം വീഥിയില്‍ സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി പരാതികള്‍ ഉയരുന്നതിനിടെയാണ് ഈ ക്രൂരമായ ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *