സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഉയർന്ന താപനിലയും ഒറ്റപ്പെട്ട മഴയും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് പാലക്കാട് ജില്ലയിൽ 39.2 ഡിഗ്രി സെൽഷ്യസ് ആയി രേഖപ്പെടുത്തി.ചൊവ്വാഴ്ച വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്.അതേസമയം ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ട ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചൂടും ഈർപ്പവും കൂടിയ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

