സംസ്ഥാനം അതിദാരിദ്ര്യമുക്തം : പുതിയ കേരളത്തിൻ്റെ ഉദയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യമുക്തമാകുന്നത് പുതിയ കേരളത്തിന്റെ ഉദയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഒന്നും സങ്കല്‍പങ്ങളല്ലെന്നും, കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്തമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. ഇത് തട്ടിപ്പല്ലെന്നും, യാഥാര്‍ത്ഥ്യമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേള്‍ക്കേണ്ടി വന്നെന്നും, അതിലേക്ക് കൂടുതല്‍ കടക്കുന്നില്ലെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സംസാരിച്ചു.കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം പിറന്നു. അതിദാരിദ്ര്യമില്ലാത്ത നാടായി കേരളം തലയുയര്‍ത്തി നില്‍ക്കുകയാണ്. പുതിയ കേരളത്തിന്റെ ഉദയമാണ് ഈ നേട്ടം. ഇതിന്റെ ഭാഗമാകുകയും, പിന്തുണ നല്‍കുകയും ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.ഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ 69-ാം വാര്‍ഷികത്തില്‍ ഈ സ്വപ്‌നസാക്ഷാത്കാരം സംഭവിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അതിദാരിദ്ര്യത്തെ ഇച്ഛാശക്തികൊണ്ടും, സാമൂഹിക ഇടപെടലുകള്‍ കൊണ്ടും തോല്‍പിക്കാം. ഈ ദുരവസ്ഥയെ നാടിന്റെ സഹകരണത്തോടെയാണ് പരാജയപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.64006 കുടുംബങ്ങളില്‍ 64005 കുടുംബങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ അതിദാരിദ്ര്യമുക്തരായി. ഒരു കുടുംബം ബാക്കിയുണ്ടായിരുന്നു. ഈ കുടുംബത്തിന്റെ കാര്യത്തില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. ഒടുവില്‍ ആ പ്രശ്‌നവും പരിഹരിച്ചു. ഇതോടെ അതിദാരിദ്രരുടെ പട്ടിക പൂജ്യമായെന്നും, 64006 കുടുംബങ്ങളും അതിദാരിദ്യമുക്തരായെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികനനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗിച്ചു. മാതൃ-ശിശുമരണനിരക്കിലെ കുറവടക്കം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് ശേഷം പരിപാടിയുടെ മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി പ്രസംഗിച്ചു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രി എംബി രാജേഷ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *