ഇരുനൂറോളം കുടുംബങ്ങളുടെ ഗതാഗതസ്വാതന്ത്ര്യം തടസപ്പെടുത്തിയത് ജില്ലാ കളക്ടർ അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

Spread the love

തിരുവനന്തപുരം : ഇരുനൂറോളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന നേമം പോലീസ് ക്വാർട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള വട്ടവിള സുരേഷ് റോഡിൽ, ഗതാഗതത്തിനുള്ള പകരം സംവിധാനം ഏർപ്പെടുത്താതെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടറിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.നേമം റെയിൽവേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയിൽവേയ്ക്ക് കൈമാറിയെന്നാണ് ആക്ഷേപം. റോഡ് ഏറ്റെടുത്ത റെയിൽവേ 40 അടി താഴ്ചയിൽ കുഴിച്ച് സഞ്ചാര സ്വാതന്ത്ര്യം പൂർണമായി തടസപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവേ അംഗീകരിച്ചില്ല. നേമം എം.എൽ.എയ്ക്ക് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ തഹസിൽദാർ സ്ഥലപരിശോധന നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തു വിട്ടില്ലെന്നും പരാതിയിൽ പറയുന്നു.വട്ടവിള സുരേഷ് റോഡിലൂടെ നാട്ടുകാരുടെ ഗതാഗത സ്വാതന്ത്ര്യം റെയിൽവേ പൂർണമായി തടസപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. റെയിൽവേ വികസനം നാട്ടുകാരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചിരിക്കുകയാണെന്ന് നേമം ആക്ഷൻ കൗൺസിൽ സെക്രട്ടറി ബി.എസ്. അനിൽകുമാർ സമർപ്പിച്ച പരാതിയിൽ പറയുന്നു. റെയിൽവേ ഏറ്റെടുത്ത റോഡിന് പകരം റോഡ് അനുവദിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *