കേരളത്തിൽ നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും സ്വാധീനഫലത്തിൽ കേരളത്തിൽ നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക അലേർട്ടുകളൊന്നും നൽകിയിട്ടില്ല.ബിഹാറിന് മുകളിലായാണ് ന്യുനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ്. ജൂൺ 22 മുതൽ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പ് വിശദമായി അറിയാം.ചൊവ്വാഴ്ചവരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ വടക്കൻ തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയോ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും.ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ അറബിക്കടലിലെ കിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്നിട്ടുള്ള മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ നാൽപ്പത്തിയഞ്ച് മുതൽ അമ്പത്തിയഞ്ച് കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയുമോ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.