മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി, വീടുകൾ വെള്ളത്തിൽ

Spread the love

സംസ്ഥാനത്ത് കാലവർഷം കടുത്തതോടെ മഴക്കെടുതിയും രൂക്ഷമാണ്. കാസര്‍കോട് മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി. മജ് വെയില്‍ മുകുളി റോഡാണ് ഇടിഞ്ഞുവീണത്. റോഡിലുണ്ടായിരുന്ന കാറും ബൈക്കും ഒലിച്ചുപോയി. കനത്ത മഴയിൽ പുല്ലൂരിൽ വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. സമീപത്തെ വീടുകൾ വെള്ളത്തിലാണ്.

കൊല്ലത്ത് ഇന്നലെ രാത്രി പെയ്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകമായി വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. നഗര പ്രദേശങ്ങളിലും മലയോര മേഖലയിലും നാശം. അഞ്ചൽ ആലഞ്ചേരി പാണയത്ത് കൂറ്റൻ തേക്ക് മരം കടപുഴകി വീണു. സമീപത്തെ മതിലും ഗേറ്റും തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു.

അഞ്ചൽ ഏരൂർ ഭാരതീപുരത്ത് വിടിന് മുകളിലേക്ക് മരം വീണു. ഭാരതീപുരം കിഴക്കേ കോണത്ത് മരങ്ങൾ വിണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.
പഴയേരൂർ മൂർത്തിക്കാവ് ക്ഷേത്രത്തിന് മുകളിലേക്ക് മരം വീണു. മേൽക്കൂര തകർന്നു. കുണ്ടറയിൽ നിർത്തി ഇട്ടിരുന്ന സ്കൂൾ ബസിന് മേൽ മരം വീണു.കൊല്ലം കൊട്ടാരക്കര വെട്ടിക്കവല മഹാദേവ ക്ഷേത്രത്തിൽ ആൽമരം വീണു. നാലമ്പലത്തിന് നേരിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.

കൊല്ലം പള്ളിക്കലാർ ആനയടി സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പള്ളിക്ക ലാർ നദിയുടെ തീരത്ത് താമസക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കഴക്കൂട്ടം സൈനികനഗറിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിലാണ് മേൽക്കൂര പറന്നുപോയത്. കഴക്കൂട്ടം സൈനിക നഗറിൽ മോഹനന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കുട്ടികൾ അടക്കം എട്ടു പേർ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *