50 കിലോ ഭാരം വഹിക്കാന്‍ ശേഷി; 20 ലക്ഷം രൂപയുടെ ചൈനീസ് നിര്‍മിത ഡ്രോണ്‍ പിടികൂടി

Spread the love

ആലപ്പുഴ: 50 കിലോ ഭാരം വഹിക്കാന്‍ കഴിയുന്ന 20 ലക്ഷം രൂപയുടെ ചൈനീസ് നിര്‍മിത ഡ്രോണ്‍ പിടികൂടി. ഹരിപ്പാട് മേഖലയില്‍ വലിയൊരു ഡ്രോണ്‍ പറത്തുന്നുവെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.പിടിച്ചെടുത്ത ഡ്രോണ്‍ പിന്നീട് വിശദ പരിശോധനക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. കസ്റ്റംസിന്റെ പരിശോധനയില്‍ ഡിജിസിഎയുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയ ഡ്രോണാണ് ഇതെന്ന് സ്ഥിരീകരിച്ചു. ഈ ഡ്രോണിന് 50 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷിയുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്ത് വിദേശ ഡ്രോണുകളുടെ ഇറക്കുമതിയും ഉപയോഗവും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ നിരോധിച്ചതാണ്.ഹരിപ്പാട് കരുവാറ്റയിലുള്ള ഒരു വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത് എന്നാണ് വിവരം. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് ഇതിന്റെ ഉടമസ്ഥനെന്നാണ് അറിയുന്നത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാര്‍ഷികാവശ്യങ്ങള്‍ക്കു വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. അതേ സമയം, ഡ്രോണ്‍ വാങ്ങിയതിന്റെ രേഖകളോ കൃത്യമായ ഇറക്കുമതി ലൈസന്‍സോ ഹാജരാക്കാന്‍ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരമൊരു ഡ്രോണ്‍ നിയമപ്രകാരം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതി ഇല്ലാതിരിക്കെ ഇത് എങ്ങനെയാണ് ഇവിടെ എത്തിയത് എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സുരക്ഷാ ഭീഷണിയുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരുന്നു.ഇത് സാധാരണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന തരം ഡ്രോണ്‍ അല്ല. മറിച്ച് വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള ചൈനീസ് കമ്പനിയായ ഡിജെഐയുടെ അഗ്രാസ് വിഭാഗത്തില്‍പ്പെട്ട ഡ്രോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാനും വിതയ്ക്കാനും വേണ്ടിയാണ് ഇവ പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ കേസില്‍ പ്രാഥമികമായി കസ്റ്റംസ് നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇറക്കുമതി നിരോധനമുള്ള സാധനങ്ങള്‍ അനധികൃതമായി എത്തിക്കല്‍, നികുതി വെട്ടിപ്പ് എന്നിവ പ്രകാരമാണ് കേസ്. 2022 ഫെബ്രുവരി മുതല്‍ വിദേശ നിര്‍മിത ഡ്രോണുകളുടെ (പ്രത്യേകിച്ച് ചൈനീസ്) ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഡ്രോണുകളിലെ സോഫ്റ്റ്വെയറുകള്‍ വഴി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രധാനമായും നിരോധനം.നിയമപ്രകാരം ഡ്രോണ്‍ കൈവശം വെക്കുന്നവര്‍ ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എടുത്തിരിക്കണം. ഹരിപ്പാട് പിടികൂടിയ ഡ്രോണിന് അത്തരമൊരു നമ്പറോ ഡ്രോണ്‍ പറത്താന്‍ ആവശ്യമായ പൈലറ്റ് ലൈസന്‍സോ ഉടമയുടെ പക്കല്‍ ഇല്ലായിരുന്നു എന്നും വിവരമുണ്ട്. ഈ ഡ്രോണിന്റെ സോഫ്റ്റ്വെയര്‍ ലോഗുകള്‍ പരിശോധിക്കുന്നതിലൂടെ ഇത് ഇതിനുമുമ്പ് എവിടെയൊക്കെ പറത്തിയിട്ടുണ്ട് എന്ന കൃത്യമായ ജിപിഎസ് ഡാറ്റ കസ്റ്റംസിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *