ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലകളിൽ ഞെട്ടിക്കുന്ന കാഴ്ചകൾ

Spread the love

ഷൊര്‍ണൂര്‍: വടയുണ്ടാക്കുന്ന വലിയ ഉരുളി കഴുകിയിട്ട് മാസങ്ങള്‍, അടുക്കളയ്ക്കുസമീപം തൊഴുത്തും ചെളിക്കെട്ടും, തുറന്നുകിടക്കുന്ന വാട്ടര്‍ടാങ്ക്, വൃത്തിഹീനമായ പാത്രങ്ങള്‍, ഉപയോഗിച്ചുപയോഗിച്ച് കരി ഓയിലിന്റെ നിറമായ എണ്ണ-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പലഹാരങ്ങള്‍ തയ്യാറാക്കുന്നയിടങ്ങളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍.ഇവ തയ്യാറാക്കിയിരുന്ന രണ്ടു സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നഗരസഭാ ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി. യാത്രക്കാരന് വടയില്‍നിന്ന് തവളയെ കിട്ടിയ സംഭവത്തെത്തുടര്‍ന്നായിരുന്നു പരിശോധന.റെയില്‍വേ സ്റ്റേഷന്റെ എതിര്‍വശത്തെ കെട്ടിടത്തിലും തെക്കേറോഡിലെ ക്വാര്‍ട്ടേഴ്‌സിനകത്തുമാണ് ഭക്ഷണമുണ്ടാക്കിയിരുന്നത്. വടയും ഇഡ്ഡലിയും പഴംപൊരിയുമെല്ലാം തയ്യാറാക്കുന്ന സ്ഥലങ്ങള്‍ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. അടുക്കളയ്ക്കുസമീപം എലികളും പാറ്റകളും തവളകളും പോകുന്ന വലിയ മടകളുമുണ്ട്.തെക്കേറോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ വറുത്തെടുക്കുന്ന എണ്ണ മാറ്റുന്നതേയില്ലെന്നും കുറയുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കുന്നതാണ് രീതിയെന്നും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് വടയുണ്ടാക്കാറുണ്ടെന്ന് കടയുടമ പറഞ്ഞു. സ്ഥാപനത്തിന് നഗരസഭയുടെ ലൈസന്‍സില്ലായിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസന്‍സ് അനുവദിച്ചിട്ടുമുണ്ട്. റെയില്‍വേ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കുശേഷം ഷെഡ്ഡുണ്ടാക്കാന്‍ മാത്രമായിരുന്നു നിര്‍ദേശമെന്ന് ഇവര്‍ പറയുന്നു.റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കെട്ടിടത്തിനകത്തെ സ്ഥാപനത്തിന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു. പാത്രങ്ങളും പാചകംചെയ്യുന്ന സ്ഥലവുമെല്ലാം വൃത്തിഹീനമാണ്. ഫ്രിഡ്ജിനകത്തുപോലും മണ്ണും ചെളിയുമാണെന്ന് കണ്ടെത്തി. പാത്രം കഴുകുന്ന സ്ഥലങ്ങളില്‍ വലിയമടകളും കുഴികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *