വികസന പാതയിലൂടെ ഒരു യാത്ര- കേരളത്തിന്റെ നേട്ടങ്ങളുടെ ഓര്‍മപ്പെടുത്തലായി പ്രദര്‍ശനം
കേരളത്തിന്റെ വികസന വഴികളിലൂടെ ഒരു യാത്രയാണ് പുരോഗമന നയങ്ങളും വികസനവും എന്ന പേരില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനം. സംസ്ഥാനം നാളിതുവരെ കൈവരിച്ചിട്ടുള്ള വികസന നേട്ടങ്ങളും അവയ്ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരികളെയും പ്രദര്‍ശനം ഓര്‍മിപ്പിക്കുന്നു. ഒപ്പം ഓരോ കാലഘട്ടത്തിലും സ്വീകരിച്ചിട്ടുള്ള നയങ്ങളും പദ്ധതികളും അവ കൊണ്ടുവന്ന സാമൂഹിക സാമ്പത്തിക മാറ്റവും അടിസ്ഥാന സൗകര്യ വികസനവും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.
കേരളം ലോകത്തിനു മാതൃകയായിട്ടുള്ള വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ നയങ്ങള്‍, പദ്ധതികള്‍, നേട്ടങ്ങള്‍, ഭൂപരിഷ്‌കരണം, ഭവന രംഗത്തെ മാതൃകകളായ ലൈഫ് മിഷന്‍, പുനര്‍ഗേഹം പദ്ധതികള്‍,തുറമുഖ വികസനം, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയും പ്രദര്‍ശനം എടുത്തു കാട്ടുന്നു. സഹകരണ മേഖല, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ എന്നിവയിലൂടെ സംസ്ഥാനം കൈവരിച്ച സാമൂഹിക-സാമ്പത്തിക വികസനം, സ്ത്രീശാക്തീകരണം, പട്ടിണി നിര്‍മാര്‍ജനം എന്നിവയും പ്രദര്‍ശനം വരച്ചു കാട്ടുന്നു.
ഒപ്പം റോഡ് വികസനം, തൊഴിലിടങ്ങളും തൊഴില്‍ സാധ്യതകളും ഇതരദേശ തൊഴിലാളികള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പൊതുഭരണം, അതിദാരിദ്ര നിര്‍മാര്‍ജ്ജനം, കെ ഫോണ്‍, വ്യവസായ പാര്‍ക്കുകള്‍, മാലിന്യ സംസ്‌കരണം, വിനോദസഞ്ചാര മേഖല, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളും പ്രധാന നയങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും കുറിപ്പും, മഹാമാരികളെ കേരളം നേരിട്ട രീതി, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുമുണ്ട്. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് പ്രദര്‍ശനംഒരുക്കിയത്.